Wednesday, April 14, 2010

അന്തി

:: ബോബി ജോസ് കപ്പുചിന്‍ ::
പകല്‍ ചിതറിക്കുന്നതെല്ലാം അന്തി തിരികെ ശേഖരിക്കുന്നു.

യയാതി ഒരു പുരാണ കഥാപാത്രമല്ല. ഓരോരുത്തരും അയാളുടെ ഒരു കീശ പതിപ്പ് നെഞ്ചോട്‌ ചേര്‍ത്ത് നടക്കുന്നുണ്ട്. അത് കൊണ്ടാണ് മുടി കൊതി ഒതുക്കുമ്പോള്‍ കണ്ടൊരു വെള്ളിഴ ഉള്‍പ്പടെയുള്ള ഒരായിരം കാര്യങ്ങളില്‍ ഒരാള്‍ ഇത്രമേല്‍ വേവലാതിപ്പെടുന്നത്. വാര്‍ധക്യം മക്കള്‍ക്ക്‌ വച്ചു മാറാനുള്ള ദുഷ്ടത ഇല്ലാത്തത് കൊണ്ടും, 'പുരു'വിനു വംശ നാശം സംഭവിക്കുന്നത് കൊണ്ടും നൂതന വഴികള്‍ കൊണ്ടു നാം അതിനെ തടയിടാനുള്ള ശ്രമത്തിലാണ്. നിരുപദ്രവമായ ചായം പൂശല്‍ അതി സങ്കീര്‍ണമായ ഫേസ്‌ ലിഫ്ടിംഗ് സര്‍ജറി വരെ. അത്ഭുതം തോന്നുന്നു. എത്ര കാലം ഇങ്ങനെ അതിനെയൊക്കെ മടകെട്ടനാകുമെന്നോര്‍ക്കുമ്പോള്‍ തെല്ലു സങ്കടവും തോന്നണം! നരച്ച മുടിക്ക് സങ്കീര്‍ത്തനം പാടുന്ന സുഭാഷിതങ്ങള്‍ അങ്ങ് ബൈബിളില്‍ കിടക്കട്ടെ.

വാര്‍ദ്ധക്യം മനുഷ്യാവസ്ഥയുടെ മാത്രം പ്രതിസന്ധിയാണെന്ന് തോന്നുന്നിടത്താണ് പാളിച്ച. സരളമായ പ്രകൃതി നിയമം ആണത്. താപഗതികത്തിലെ (തെര്‍മോ ഡൈനാമിക്സ്) രണ്ടാം നിയമം പോലെ എന്തും ക്രമത്തില്‍ നിന്നു ക്രമഭംഗങ്ങളിലേക്ക്‌ സഞ്ചരിച്ചേ തീരൂ, മറിച്ചല്ല. ഒരു മുറി അടുക്കി വയ്ക്കാന്‍ ഒത്തിരി ശ്രദ്ധയും ഊര്‍ജവും ആവശ്യമുണ്ട്, അലങ്കോലപ്പെടല്‍ താനേ സംഭവിച്ചു കൊള്ളും എന്നര്‍ത്ഥം.
ഒത്തിരി മമതകള്‍ക്കും ചാപല്യങ്ങള്‍ക്കും വഴിപ്പെട്ടു ജീവിക്കുന്ന ഇളമുറയിലെ അതിന്റെ ചില വിദൂരക്കാഴ്ച്ചകള്‍ നല്ലതാണ്. ജീവിതത്തിന്‍റെ വൃദ്ധി ക്ഷയങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി ഒരു ബുദ്ധാചാര്യന്‍ ഒരു ചെറുപ്പക്കാരനെ ഗാഡമായ ജീവിത ക്രമങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്നുണ്ട്. അയാളുടെ ബന്ധുവായിരുന്നു ആ ചെറുപ്പക്കാരന്‍. ഓരോ തരം തൃഷ്ണകളുടെ ചൂണ്ടക്കൊളുത്തില്‍ കുരുങ്ങി പോയ ഒരുവന്‍. ഉപദേശങ്ങളില്‍ വിശ്വാസമില്ലാത്ത ഗുരുക്കന്മാര്‍ ആണവര്‍. ആ രാത്രിയില്‍ ഗുരു അയാളുടെ മുറിയില്‍ അന്തിയുറങ്ങി. പ്രഭാതത്തില്‍ നന്ദി പറഞ്ഞു മടങ്ങുമ്പോള്‍ തന്റെ ചെരുപ്പിന്റെ നാടകള്‍ കെട്ടി സഹായിക്കുവാന്‍ ചെരുപ്പക്കാരനോട്‌ ആവശ്യപ്പെട്ടു. അവനതു ചെയ്തു കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ പറഞ്ഞു: സ്വന്തം ചെരുപ്പിന്റെ നാടകള്‍ പോലുംകെട്ടാനാവാത്ത ഒരു കാലം എല്ലാവരുടെ ഇടനാഴികളിലും കാത്തു നില്‍പ്പുണ്ട്‌. അതോടെ അവന്റെ ജീവിതത്തിന്‌ പുതിയ ഭ്രമണ പഥങ്ങള്‍ ഉണ്ടായി. ആര്‍ക്കും വേല ചെയ്യാനാവാത്ത രാത്രികാലം വരുമെന്ന് അതിന് ബൈബിളിന്റെ ഭാഷ്യം. സിധാര്‍ത്തനെ ബുദ്ധനാക്കുന്ന ഏതാനും ചില നിമിത്തങ്ങളില്‍ ഒന്നാണ് വാര്‍ദ്ധക്യം.
"ചന്ദ്രാ മനുഷ്യനെപ്പോലെ തോന്നിക്കുന്ന കൂനിപ്പിടിച്ച് നില്ക്കുന്ന ആ ജന്തു ഏതാണ്?"
"കുമാരാ അതാണ്‌ വാര്‍ധക്യം!"
"വാര്‍ധക്യം? ഇത്ര കഷ്ടമായോരവസ്ഥ മനുഷ്യനെ കാത്തിരിപ്പുണ്ടോ....?"

ആ നടുക്കം അയാളെ എന്നെങ്കിലും വിട്ടു മാറിയിട്ടുണ്ടാവുമോ?
ഇത്ര വൈമുഖ്യത്തോടും നടുക്കത്തോടും അഭിമുഖീകരിക്കേണ്ട ഒരു ജീവിതഭാഗമാണോ വാര്‍ധക്യം. ഇല കൊഴിയും മുമ്പേ വൃക്ഷം എന്നത്തേക്കാളും ചേതോഹരമായിരിക്കും എന്ന് നിരീക്ഷണത്തില്‍ നിന്നു ഒരു ഹൈക്കുവുണ്ട്:
വര്‍ണ വ്യതിയാനത്തിലൂടെ
മനോഹരിയായതിന്-
ശേഷം മാത്രം കൊഴിയുന്ന
മേപ്പിള്‍ ദളങ്ങളോട് ഞാനെത്ര മാത്രം അസൂയപ്പെടുന്നു.

ശരീരം ദുര്‍ബലമാകുന്നതനുസരിച്ചു വൃദ്ധി പ്രാപിക്കുന്ന ഒന്നാണോ ആത്മാവ്? വിത്തഴിയുന്നതനുസരിച്ചു ജീവന്‍ ഉണ്ടാകുന്നു എന്ന് പറയുന്നതു പോലെ. അങ്ങനെയെങ്കില്‍ ജീവന്റെ പുഷ്പകാലമാണ് വാര്‍ധക്യം. സുവിശേഷം ആരംഭിക്കുന്നത് തന്നെ വയോധികരുടെ പാട്ടുകളുമായാണ്. എല്ലാവരും പാടുകയാണ്. ... എലിസബത്തും സഖരിയായും ശിമയോനും അന്നയുമൊക്കെ.... പട്ടു ജീവസുറ്റ മനസിന്റെ സാക്ഷ്യം പറച്ചിലാണ്. നൂറ്റി അന്‍പതാം വയസില്‍ മരിക്കുമ്പോഴും മോശ പൂര്‍ണ ആരോഗ്യവാനായിരുന്നു. അതിന്റെ അര്‍ഥം അയാള്‍ കാനെണ്ടാതെല്ലാം കാണുന്നുണ്ട്. കേള്‍ക്കെണ്ടതെല്ലാം കേള്‍ക്കുന്നുണ്ട്‌. ഇടപെടെണ്ടിടങ്ങളില്‍ ഇടപെടുന്നുണ്ട്.
വയോധികരുടെ സര്‍ഗാത്മസാന്നിധ്യമാണ് ഒരു സമൂഹത്തിന്റെ ഏറ്റവും ശ്രേഷ്ടമായ മൂലധനം. നെരൂദയുടെ വരികള്‍ പോലെ , ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുമ്പോഴേക്കും നാം മരിച്ചു പോകുന്നു. ദീര്‍ഘമായ ഒരു ജീവിതത്തില്‍ നമ്മള്‍ തേടിയതും കണ്ടെത്തിയതുമായ പ്രകാശം ശീലിക്കാനും ജീവിക്കാനും നമുക്കു നേരം കിട്ടാതെ പോകുന്നു.അത് കൊണ്ടു തന്നെ മനുഷ്യരുടെ ഇപ്പോഴത്തെ ആയുര്‍ദൈര്‍ഘ്യം തീരെപ്പോരെന്നു barnard sha കരുതിയിരുന്നു. അയാള്‍ ഒരു സങ്കല്പ പുരി രൂപപ്പെടുത്തിയിട്ടുണ്ട് - മെത്യുസാല (Methyusala) അവിടെ ഒരാളുടെ ശരാശരി പ്രായം നൂറ്റിയിരുപതു വയസായിരിക്കും. ഏറ്റവും വലിയ മീന്‍ ഇനിയും പിടിക്കനിരിക്കുന്നതെ ഉള്ളു എന്ന് കരുതുന്ന വൃദ്ധനായ മീന്‍ പിടുത്തക്കാരനെ പോലെ ഊര്‍ജ്ജ്വസ്വലരായി ജീവിക്കുകയും സ്പോട്ടീവായി ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്ന മനുഷ്യര്‍. 1958 എഴുപത്തി ഏഴ് വയസുള്ള ഒരു കാര്‍ദിനാളിനെ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തു. ഇടക്കാലത്തേക്ക് ഒരാളെന്ന് മാത്രമേ ലോകം കരുതിയുള്ളു. പക്ഷെ അദ്ദേഹമാണ് സഭയുടെ മുഴുവന്‍ ചരിത്രത്തില്‍ ഏറ്റവും സര്‍ഗാത്മകമായ ഇടപെടല്‍ നടത്തിയ മാര്‍പ്പാപ്പ. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വിളിച്ചു കൂട്ടിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ - കര്‍ദിനാള്‍ റോണ്‍കലി.

പ്രസാദം നിറഞ്ഞ വാര്‍ധക്യത്തിന്റെ ഒരു ഉപമ പോലെ വായിക്കാവുന്ന എന്തോ ഒന്നു ദാവീദില്‍ ഉണ്ട്. വാര്‍ധക്യത്തില്‍ അയാള്‍ തന്റെ ജീവിതത്തോടു രൂപപ്പെടുത്തിയ സമീപനം കാണണം - നല്ലതെന്നുതിയതൊന്നും വേര്‍തിരിക്കാതെ സ്വീകരിക്കാനുതകുന്ന ഒരു മനസുണ്ട് അയാള്‍ക്ക്‌. ദാവീദ്‌ യാത്ര ചെയ്യുമ്പോള്‍ കണ്ണ് പൊട്ടിപ്പോകുന്ന തരത്തിലുള്ള ശാപവാക്കുകള്‍ ഷമായി എന്നൊരാള്‍ അയാള്‍ക്കെതിരെ വിളിച്ചു പറയുന്നുണ്ട്. ദാവീദിന്റെ അകമ്പടിക്കാരന്‍ അയാളെ കൊല്ലാനായുമ്പോള്‍ ദാവീദ് വിലക്കി. പാടില്ല, ദാവീദിനോടു അപ്രകാരം സംസാരിക്കണമെന്ന് ദൈവം അവനോടു കല്പിചിട്ടുണ്ടെങ്കില്‍ എതിര്‍ക്കാന്‍ നമ്മള്‍ആരാണ്. ഇന്നലെ വരെ അയാള്‍ അങ്ങനെയൊന്നുമായിരുന്നില്ല. വിളമ്പിയത് ഭക്ഷിക്കുക എന്ന ക്രിസ്തു മൊഴികളിലെ ആഴം ഒരു വയോധികന് തിരിയുന്നത് പോലെ ആര്‍ക്കും മനസിലാകില്ല. യൌവ്വനത്തില്‍ മേശയില്‍ വിളമ്പി വച്ച പല വിഭവങ്ങളോടും അയാള്‍ കലഹിക്കുകയും ക്ഷുഭിതനാകുകയും ചെയ്തിട്ടുണ്ട്. അനീതിയുടെ കരുവായി മാറിയെന്ന തോന്നലില്‍ നിന്നാണ് എല്ലാത്തരം ക്ഷോഭങ്ങളും സംഭവിക്കുന്നത്. ജീവിതത്തിന്റെ അനീതികളെ സൌമ്യമായി സ്വീകരിക്കാന്‍ ഇന്നയാള്‍ക്കാകുന്നുണ്ട്. മേശയില്‍ വിളമ്പിയ പലതിനെയും ഒരു ആമേന്‍ പറഞ്ഞു അയാള്‍ ആഹരിക്കുന്നുണ്ട്. ചില തെറ്റിധാരണകള്‍, ഒറ്റപ്പെടല്‍, ഏകാന്തത, രോഗപീഡയും ക്ലേശങ്ങളും ഒക്കെ. തീവണ്ടിയിറങ്ങുന്ന വൃദ്ധനായ അച്ഛനെ സഹായിക്കുവാന്‍ മകന്‍ കൈ നീട്ടുമ്പോള്‍ ആ കൈ തട്ടി മാറ്റി ശിരസുയര്‍ത്തി ചുവട് ചവിട്ടുന്ന ഒരു പരസ്യ ചിത്രം കണ്ടു. ഏതോ ഇന്‍ഷുറന്‍സ് കമ്പനിക്കാരുടെതാണ്. ഒരു കൈ സഹായം സ്വീകരിക്കുന്നതില്‍ നിന്ദാര്‍ഹം ആയി എന്താണുള്ളത്. ഏത് കരയിലേക്കും കടലിലേക്കും ആദ്യം ചാടിയിറങ്ങുന്ന ശിമയോനോട് ക്രിസ്തു അത് പറഞ്ഞു കൊടുക്കുന്നുണ്ട്. ഇന്നു നിനക്കു ഇഷ്ടമുള്ളിടത്തെക്ക് നീ മനുഷ്യരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. നാളെയൊരു കാലം വരും മറ്റുള്ളവര്‍ നിനക്കു വേണ്ടി അര മുറുക്കി നിനക്കിഷ്ടമില്ലാത്തിടത്തെക്ക് കൊണ്ടു പോകുന്ന കാലം.

മറ്റൊന്ന്, ഒരു റിലേ ഓട്ടത്തില്‍ ബാറ്റന്‍ കൈ മാറുന്നത് പോലെ അടുത്ത തലമുറയിലേക്കു തന്റെ സ്വപ്‌നങ്ങള്‍ കൈമാറി അയാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നില്ക്കുന്നു.ഒരേയൊരു സ്വപ്നം മാത്രമെ ഇന്നു ദാവീദിന് ഉള്ളു, അത്തന്റെ ദൈവത്തിനു വേണ്ടി ആലയം പണിയുക എന്നതാണ്. എന്നാല്‍ ദൈവം അയാളെ വിലക്കുന്നു. കാരണം, ഒത്തിരി ചോരക്കറ പുരണ്ട കരങ്ങളാണ്. അധര്‍മ്മത്തിന്റെ വിരല്‍സ്പര്‍ശമുള്ളിടങ്ങളില്‍ ദൈവം എങ്ങിനെയാണ് വസിക്കുക ( ആ ഒരു മാനദണ്ഡം ഇന്നും ഗൌരവമായി എടുത്തിരുന്നെങ്കില്‍ പല ആരാധനാലയങ്ങളും പണി തീരാതെ കിടന്നേനെ.) എന്നിട്ടും ദാവീദ് ആ സ്വപ്നത്തില്‍ നിന്നു പിന്മാറുന്നില്ല. ഒരു ദേവാലയ നിര്‍മ്മിതിക്കാവശ്യമുള്ള മുഴുവന്‍ കാര്യങ്ങളും സമാഹരിച്ചു തുടങ്ങി. തനിക്ക് ശേഷം അതുപയോഗിച്ചു തന്റെ മകന്‍ ആളായ നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടു കൊള്ളും - അതാണ്‌ സംഭവിച്ചതും. വയോധികരുടെ ജീവിതത്തിലെ ആത്മാഭിഷേകത്തെ തിരിച്ചറിയാനായി ജോയേല്‍ പ്രവാചകന്‍ നല്കുന്ന ഒരടയാളമായി ഇതിനെ കൂട്ടി വായിക്കണം - വൃദ്ധര്‍ക്ക് സ്വപ്‌നങ്ങള്‍ ഉണ്ടാകും. അബ്രാഹം ഉള്‍പ്പടെയുള്ള വയോധികര്‍ക്ക് കുഞ്ഞുങ്ങളെ വാഗ്ദാനം ചെയ്യുന്നത് വഴി ദൈവം അവരുടെ സ്വപ്നങ്ങളെ വര്‍ണഭരിതമായി നിലനിര്‍ത്തുന്നതാകണം. ചിലപ്പോള്‍ മുഖം തിരിച്ചു പിടിച്ചു നമ്മള്‍ അതിനെ ഓര്‍ത്ത്‌ ചിരിക്കും. ദൈവം കലഹിക്കുന്നു: എന്തിനാണ് നീ ചിരിക്കുന്നത്. വരും തലമുറകള്‍ക്ക് വേണ്ടി സ്വപ്നം കാണുകയാണ് വയോധികരുടെ ധര്‍മം. പേരക്കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കുന്ന കഥകളിലൂടെ പോലും അവര്‍ കൈ മാറുന്നത് ഈ സ്വപ്നങ്ങളെയാണ്. ഒരു മാവിന്‍തൈക്ക് ശ്രദ്ധാപൂര്‍വ്വം വെള്ളമൊഴിക്കുന്ന വൃദ്ധയുടെ ചിത്രം പഥേര്‍ പാഞ്ചാലിയിലുണ്ട്. രോഗബാധിതനായ തൊണ്ണൂറു വയസുള്ള വല്യപ്പച്ചനെ കാണാന്‍ പോയപ്പോള്‍ പതിനെട്ടാം പട്ടയുടെ തൈയ്കള്‍ തന്നു ഞങ്ങളെ മടക്കി വിട്ടു അദ്ദേഹം! ആര്‍ക്കു ശേഷവും പ്രലയമുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന സുകൃതികള്‍.

മൂന്നാമതായി, ജീവിതത്തോടു പുലര്‍ത്തേണ്ട ചില ധ്യാന അകലങ്ങളുടെ സൂചന. കാഴ്ച്ചയുടെ വ്യക്തതയ്ക്ക് ചില അകലങ്ങള്‍ ആവശ്യമാണ്‌. സമാന്തര കാഴ്ച അന്ധതയാണ് എന്ന ഒരു നിരീക്ഷണമുണ്ട്. എന്തും കണ്ണോടു കണ്‍ ചേര്ന്നു നില്‍ക്കുമ്പോള്‍ അന്ധതയുണ്ടാകുന്നു. അത് ആസക്തിയോ ക്ഷോഭമോ ആകാം. അമിത വൈകാരികതക്ക് ഒത്തിരി കപ്പം കൊടുത്ത യൌവനമാണ്‌ ഓരോരുത്തരുടെതും, ഇനിയതിന്റെ ആവശ്യമില്ല. ഒത്തിരി ആസക്തികളിലേക്ക് വഴുതി പോയ ഒരു ഭൂതകാലമുണ്ട് ദാവീദിന്. ബത്ഷിബ ഒരേയൊരു പാളിച്ചയാവണം എന്നില്ല. വാര്‍ധക്യത്തില്‍ അയാള്‍ക്ക്‌ കൂട്ട് കിടക്കാന്‍ ഒരു പെണ്‍കുട്ടിയെ നല്കുന്നു. ബൈബിള്‍ പറയുന്നു: ദാവീദ് അവളെ അറിഞ്ഞില്ല. ഒരു തരം നിര്‍മമതയിലേക്കും ദമത്തിലേക്കും അയാള്‍ പ്രവേശിച്ചു എന്നുതന്നെ അര്‍ഥം. Dirty Old Man എന്നൊരു പദം ചില ഇംഗ്ലീഷ് നോവലുകളില്‍ കണ്ടിട്ടുണ്ട്. അതിനു വിപരീതമാണ് ഈ വിചാരം. നാല് ആശ്രമങ്ങളായി ജീവിതത്തെ ക്രമപ്പെടുത്തുന്ന ഭാരതീയ വിചാരം ഒടുവിലത്തേത് സന്യാസമാണെന്ന് പറഞ്ഞു തരും. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, എന്നിവയ്ക്ക് ശേഷമുള്ള ജീവിത കാണ്ഡമാണ്‌ അത്. കാഷയമോ കമണ്ടലുവോ ആവശ്യമില്ലാത്ത സന്യാസമാണ് വാര്‍ധക്യം. പലതിനെയും തെല്ലകലത്തില്‍ കാണാന്‍ അയാളെ ഇന്ന് സഹായിക്കുന്നത് ഈ ജീവിത പരിണാമമാണ്. അനുദിനജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അയാള്‍ ഇടപെടണമെന്നില്ല. ചില ഉത്തരവാദിത്വങ്ങള്‍ ഇളമുറക്ക് കൈമാറുന്നു.To give way is a dignified way എന്നയാള്‍ക്ക് അറിയാം - വഴി മാറുകയാണ് ശ്രേഷ്ഠം എന്നയാള്‍ക്ക് അറിയാം. അയാള്‍ ജോഷ്വയെ പോലെ യുദ്ധത്തിനു പോകുന്നില്ല. മറിച്ചു, മോശയെ പോലെ കരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ത്തി ഒരാശീര്‍വാദമായും പ്രാര്‍ത്ഥനയായും മലമുകളിലെ കൂടാരത്തിലുണ്ട്......

അപ്പസ്തോലനായ യോഹന്നാന്‍റെ വാര്‍ധക്യം കൂടി ഓര്‍മ്മയില്‍ കൊണ്ടുവരുന്നത് നന്ന്..... പന്ത്രണ്ടു പേരില്‍ ഒരാള്‍ സ്വയഹത്യ ചെയ്തു. പത്തു പേര്‍ കൊല ചെയ്യപ്പെട്ടു. സ്വാഭാവിക മരണം ലഭിച്ച ഒരേ ഒരാളായിരുന്നു യോഹന്നാന്‍. പാത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട വിധത്തിലായിരുന്നു അന്ത്യദിനങ്ങള്‍. അക്കാലത്ത് യോഹന്നാനെയും ചുമന്നു മനുഷ്യര്‍ മൈലുകളോളം സഞ്ചരിച്ചിരുന്നു. ഒരേയൊരു പദം കേള്‍ക്കുവാന്‍... ആ വാക്ക് മാത്രമേ അയാള്‍ക്ക്‌ പറയുവാന്‍ ഉണ്ടായിരുന്നുള്ളു - സ്നേഹം. ആ വാക്ക് കേട്ട മനുഷ്യരുടെ കണ്ണ് നിറഞ്ഞു. ശിരസ്സിനു മീതെ അഭിഷേകത്തിന്റെ കാറ്റ് വീശി. ജീവിതത്തില്‍ ഇന്നോളം പരിചയമുള്ള മറ്റു പദങ്ങളൊക്കെ പൊള്ളയായി അനുഭവപ്പെടുകയും സ്നേഹമെന്ന ഒരു പദം മാത്രം പ്രസക്തമാകുകയും ചെയ്യേണ്ട കാലമാണ് വാര്‍ധക്യം. അത് കൊണ്ടാവണം വാര്‍ദ്ധക്യത്തെ മറ്റൊരു ശൈശവമായി പലരും ഗണിക്കുന്നത്. ഈ രണ്ടു ശൈശവങ്ങള്‍ക്കിടയില്‍ എത്ര പാളിപ്പോയി നമ്മള്‍. ഈ വീണ്ടും പിറവിയിലൂടെയാണ് അവര്‍ ദൈവരാജ്യത്തിന്റെ അവകാശികളായി മാറുന്നത്. യോഹന്നാനു മരണമില്ലയെന്നൊരു കൊച്ചുവര്‍ത്തമാനമുണ്ട്. അതിന്റെ തുടക്കം സുവിശേഷത്തിന്റെ ഒടുക്കത്തിലുണ്ട്. ഭൌതികമായും പ്രായോഗികമായും വ്യാഖ്യാനിക്കേണ്ട ഒന്നല്ലത്. സ്നേഹത്തിനു മരണമില്ല എന്ന ധ്യാനം ആണത്. മരണത്തിന്റെ പുഴയെ സ്നേഹത്തിന്റെ കൊതുമ്പു വള്ളം കൊണ്ടാണ് നമ്മള്‍ കുറുകെ കടക്കുക.

പ്രത്യാശയുടെ പൂമുഖമാണ് വാര്‍ധക്യം. രണ്ടു ഇടനാഴികളെ ബന്ധിപ്പിക്കുന്ന വാതില്‍പടിയിലാണ് നമ്മള്‍. മരണമാണ് ആ വാതില്‍. ഈ വാതിലിനപ്പുറം പ്രകാശമേയുള്ളൂ. Guantanamero എന്നൊരു ക്യുബന്‍ ചലച്ചിത്രമുണ്ട്. ഏറ്റവും നല്ല പാട്ട് അരയന്നങ്ങള്‍ അവസാനത്തേക്ക് കരുതി വയ്ക്കുന്നു എന്ന സങ്കല്‍പം ചിത്രത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഹംസഗീതം എന്ന സൂചന നമ്മുടെ ഭാഷയിലുണ്ടല്ലോ, അതിനു ശേഷമാണ് മരണം.ഒരു വൃദ്ധ ഗായികയാണ് പ്രധാന കഥാപാത്രം. ചെറുപ്പത്തിലെപ്പോഴോ ഒത്തിരി സ്നേഹിച്ചിട്ടു പിന്നെ എങ്ങിനെയോ കൈവിട്ടു പോയ ഒരാളോടൊപ്പം ദീര്‍ഘവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അവര്‍ ചേര്‍ന്നിരിക്കുകയാണ്. പശ്ചാത്തലത്തില്‍ അവര്‍ തന്നെ പാടിയ പാട്ട് റിക്കാര്‍ഡ് പ്ലെയറില്‍ നിന്ന് കേള്‍ക്കുന്നുണ്ട്. അരയന്നങ്ങള്‍ പാട്ട് പാടി മരിക്കുന്നുണ്ട് എന്ന വരികളുണ്ട് ഇതില്‍. അതിനിടയില്‍ വൃദ്ധഗായികയുടെ മിഴികള്‍ അടയുന്നു - എന്നേയ്ക്കുമായി.

ഏറ്റവും നല്ല പാട്ട് അവസാന കാലത്തേക്ക് കരുതി വയ്ക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... വയോധികര്‍ മിതത്വം പാലിക്കുന്നവരും, ഗൌരവബുദ്ധികളും, വിവേകികളും,വിശ്വാസത്തിലും സ്നേഹത്തിലും ദൃഡതയുള്ളവരുമായിരിക്കാന്‍ നീ ഉപദേശിക്കുക. (തീത്തോസ് 2 /2 ).