Saturday, March 20, 2010

അത് ക്രിസ്തുവാണ്

:: ബോബി ജോസ് കപ്പുചിന്‍ ::

ഞാന്‍ പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ സ്വീകരിച്ചു (മത്താ. 25:35 )
ആയുസിന്റെ അതിര് കൃത്യമായി നിശ്ചയിക്കപ്പെട്ട മീരയെന്ന ടെര്‍മിനേറ്റഡ് രോഗി തന്റെ കളികൂട്ടുകാരി പാര്‍ക്കുന്ന ആവൃതിയിലെത്തുന്നു. ഏതാനും ദിനങ്ങള്‍ അവള്‍ അവരോടൊപ്പം ഉണ്ടായിരിക്കും. ഗുണപരമായ ചില അനുരണനങ്ങള്‍ അവളിലൂടെ അവിടെ സംഭവിക്കും. കൂട്ടുകാരിയുടെ മടുപ്പിനെ ആദ്യസ്‌നേഹത്തിന്റെ സ്മൃതികളുണര്‍ത്തി അവള്‍ പ്രതിരോധിക്കും. പലതിനോടും തെല്ല് അസഹിഷ്ണുത പുലര്‍ത്തുന്ന മധ്യവയസ് പിന്നിടുന്ന ഒരു സിസ്റ്ററിനെ ലാഭനഷ്ടങ്ങളുടെ ലഡ്്ജറിനിടയില്‍പെട്ട് അവര്‍ മറന്നുതുടങ്ങിയ ഉദ്യാനസുഗന്ധത്തിലേക്കവള്‍ കൂട്ടിക്കൊണ്ടുപോകും. പുറം ലോകത്തിന്റെ വര്‍ണ്ണങ്ങളിലേക്ക് ചിലപ്പോള്‍ പാളുന്ന തെല്ല് കുറുമ്പിയായ ഒരു നവസന്യാസിയെ ഏഴുവര്‍ണ്ണങ്ങളും കൂടിചേര്‍ന്ന് ഒരു വര്‍ണ്ണമുണ്ടാകും, വെള്ളയെന്നവള്‍ ഓര്‍മ്മിപ്പിക്കും. സി.എം.സി ഇരിങ്ങാലക്കുട പ്രോവിന്‍സിന് വേണ്ടി ലിയോ തദേവൂസ് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ കഥാരേഖ ഏതാണ്ടിങ്ങനെയായിരുന്നു. എല്ലാവരുടെയും കണ്ണുനനയിച്ച് ചിത്രത്തിന്റെ പ്രിവൂ അവസാനിക്കുമ്പോള്‍ ഓഡിറ്റോറിയം നിശ്ശബ്ദമായിരുന്നു. ഒരു ക്രിസ്തുസാന്നിധ്യത്തിന്റെ സുഗന്ധമവിടെ പരന്നിരുന്നു. അത് മീരയിലൂടെയാണ് സംഭവിക്കുന്നതെന്ന് ആത്മഹര്‍ഷത്തോടെ ഞാനറിഞ്ഞു.
അതങ്ങനെതന്നെയാവണം അപരിചിതരിലൂടെയാണ് (Stranger) ആ ഗുരുസാന്നിധ്യം ഇനി ഭൂമിക്ക് വെളിപ്പെട്ടുകിട്ടാന്‍ പോകുന്നതെന്ന സൂചനകൊണ്ടാണ് സുവിശേഷങ്ങള്‍ അവസാനിക്കുന്നത്. തങ്ങളുടെ സാധാരണത്തം കൊണ്ടാണ് അവര്‍ പലപ്പോഴും അപരിചിതരായി നില്‍ക്കുന്നതെന്നു തോന്നുന്നു. ചിരപരിചയം കൊണ്ട് വിസ്മയമോ ആദരവോ ലഭിക്കാത്ത ചില മനുഷ്യര്‍. അവരിലെ അവനെ ആരും തിരിച്ചറിയില്ല. ഇതളിതളായി അവന്‍ തന്നെ തന്നെ വെളിപ്പെടുത്തി തിരിഞ്ഞു നടക്കുമ്പോള്‍ അവരുടെ ജീവിതം സുഗന്ധപൂരിതമാവുകയും ചെയ്യും.
ഉത്ഥാനത്തിനുശേഷം മേരിയില്‍ നിന്നത് ആരംഭിക്കണം. മാര്‍ത്തയുടെ കുത്തുവാക്കുകളെപ്പോലും അവഗണിച്ച് അവിടുത്തെ പാദപത്മങ്ങളിലിരിക്കുവാന്‍ ധൈര്യപ്പെട്ട അവള്‍പോലും അവനെ തിരിച്ചറിഞ്ഞില്ലല്ലോ. കണ്ണീര്‍പ്പെയ്ത്തിലൂടെ അവനെ നോക്കുമ്പോള്‍ അവനൊരു തോട്ടക്കാരനെപ്പോലെ. ഓരോ തൊഴിലിനു ഓരോ ശരീരഭാഷയുണ്ടാവണം. ടി.പത്ഭനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയിലെ നായകന് ബീഡി തെറുപ്പാണോ തൊഴിലെന്ന് നഴ്‌സ് അയാളുടെ അമ്മയോട് ആരായുന്നത് അതുകൊണ്ടാണ്. അങ്ങനെയെങ്കില്‍ തോട്ടക്കാരന്റെ ശരീരമുദ്രകള്‍ എന്തായിരിക്കും? നിരന്തരമായ സൂര്യതാപമേറ്റ് വല്ലാതെ കരുവാളിച്ച വരണ്ട ചര്‍മ്മങ്ങളോട് കൂടിയ ഒരാള്‍. സ്വയം വെളിപ്പെടുത്താതെ അവനാരെയും വിട്ടിട്ടുപോവില്ല. ചിലപ്പോള്‍ അതൊരു വിളികൊണ്ടാവാം. മറിയം! ഒരാള്‍ നിങ്ങളെ വിളിച്ചതുപോലെ മറ്റൊരാള്‍ക്ക് നിങ്ങളുടെ നാമം ഉരുവിടാനാവില്ല. മേരിയെന്ന വാക്കിന് പ്രിയമുള്ളവളെന്നും ദൃഢനിശ്ചയങ്ങളുള്ളവളെന്നുമൊക്കെ അര്‍ത്ഥസൂചനകളുണ്ട്. 'പൊന്നേ'യെന്ന് വിളിച്ചപ്പോള്‍ അവളുടെ ഹൃദയം പ്രാവുപോലെ കുറുകി-റബോനി-ഗുരോ! എന്റെ ആത്മാവിനെ പ്രകാശിപ്പിച്ചവനേ...
ഇനി കടല്‍ത്തീരത്ത് മനുഷ്യരെ പിടിക്കുവാന്‍ ക്ഷണം കിട്ടിയവര്‍ മത്സ്യങ്ങളിലേക്ക് മടങ്ങുമ്പോളായിരുന്നുവത്. എന്തെങ്കിലും കിട്ടിയോയെന്ന ചോദ്യം മറ്റൊരു മുക്കുവന്റെ കുശലം പറയലായി മാത്രമേ അവര്‍ക്ക് മനസിലായിട്ടുണ്ടാവൂ. എല്ലാ അന്വേഷണങ്ങളെയും കുറെക്കൂടി ഏകാഗ്രമാക്കേണ്ടതുണ്ട്. അതുകൊണ്ട് വലതുഭാഗത്തേക്ക് വലയെറിയുക. ഗുരുമൊഴികളെ ഗൗരവമായെടുക്കുമ്പോള്‍ എന്തു സംഭവിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ് പിന്നീട്. ജീവിതവലയില്‍ തുള്ളിത്തുടിച്ചുനില്ക്കുന്ന നിമിഷമീനുകള്‍! ക്രിസ്തു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍ വിളിച്ചു പറയുന്നു: അത് കര്‍ത്താവാണ്. ഒരിക്കല്‍ നെഞ്ചോട് ചേര്‍ത്തിരുന്ന ഒരാള്‍ക്ക് പോലും അവനെ തിരിച്ചറിയാനാവാത്ത വിധത്തില്‍ അയാള്‍ അത്രമേല്‍ അപരിചിതത്വത്തിന്റെ പുകമഞ്ഞിലായിരുന്നുവോ?
ഇപ്പോള്‍ രണ്ടുപേര്‍ ദൂരെ ഒരു നഗരത്തിലേക്ക് പോവുകയാണ്. ഒരപരിചിതന്‍ അവരോടൊപ്പം ചേരുന്നു. അയാള്‍ അവരുടെ സംഭാഷണങ്ങളില്‍ പങ്കുചേരുന്നു. തിരുവചനങ്ങളിലുള്ള അവരുടെ അജ്ഞതയെ സ്‌നേഹപൂര്‍വ്വം ശകാരിക്കുന്നു. അയാളുടെ ഭാഷണം അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നു. എന്നിട്ടും അവര്‍ അവിടുത്തെ തിരിച്ചറിയുന്നില്ല. അന്തിയായപ്പോള്‍ അവരെ വിട്ടുപോകാനാവുകയാണ് ക്രിസ്തു. അത്താഴത്തില്‍ പങ്കുചേരാന്‍ അവര്‍ അവിടുത്തെ നിര്‍ബന്ധിക്കുന്നു. അപ്പമെടുത്ത് വാഴ്ത്തി നുറുക്കിയ നേരത്ത് അവരുടെ മിഴികളില്‍ നിന്ന് അജ്ഞതയുടെ ശല്‍ക്കങ്ങള്‍ അടര്‍ന്നുവീണു. അത് ക്രിസ്തുവാണ്!
അവനോടൊപ്പം പോയി മരിക്കാമെന്ന് പറയുന്ന ഇരട്ടച്ചങ്കുള്ള തോമസിനും ക്രിസ്തുവിനുമിടയില്‍ വീണ തിരശ്ശീലയും ഈ അപരിചിതഭാവമായിരുന്നിരിക്കണം. അല്ലെങ്കിലെന്തിനാണയാള്‍ ആ മുറിപ്പാടുകള്‍ കാണണമെന്ന് ശഠിക്കുന്നത്. ? ആണിപ്പഴുതുകള്‍ കാട്ടിയാണവന്‍ തോമസിനെ വീണ്ടെടുത്തത്. ക്ഷതങ്ങള്‍ ഒരാളുടെ നെഞ്ചിലേക്കുള്ള ഏകജാലകമാണ്. അതിലൂടെ തോമസ് അഗാധസ്‌നേഹത്തിന്റെ ഉറവകള്‍ കണ്ടു.
ചുരുക്കത്തില്‍ ഇനിയത്രയെളുപ്പത്തിലൊന്നും നിങ്ങളവനെ തിരിച്ചറിയാന്‍ പോകുന്നില്ല. അതുകൊണ്ട് അപരിചിതരെ നമ്രതയോടെ സ്വീകരിച്ചു തുടങ്ങുകയല്ലാതെ ഇനി സാധകരുടെ മുമ്പില്‍ വേറെ വഴിയില്ല. കാണക്കാണെ അവര്‍ നിങ്ങളുടെ ജീവിതത്തെ പ്രഭാപൂരിതമാക്കുന്നത് കാണാം. അപരിചിതരെ സ്വീകരിച്ചവരൊക്കെ എന്നെയാണ് സ്വീകരിച്ചതെന്ന ഗുരുമൊഴിയുടെ പൂര്‍ത്തീകരണം കൂടിയാവണം ഈ വിചാരം. ഒടുവില്‍ അവന്‍ നമ്മളെ വിട്ടുപോകാനാവുമ്പോള്‍ അവനെ തടയുക: നേരം വൈകുന്നു. പകല്‍ അസ്തമിക്കുന്നു. ഞങ്ങളോടു കൂടി താമസിക്കുക...